കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനാപകടം ഉണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് ട്രാഫിക് കോടതി 10,000 ദിർഹം പിഴ ചുമത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പൊതു സുരക്ഷയെ അപകടപ്പെടുത്തുക, മറ്റൊരാളുടെ സ്വത്തിന് കേടുപാടുകൾ വരുത്തുക, കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക എന്നീ കുറ്റങ്ങൾക്കാണ് ദുബായ് ട്രാഫിക് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇയാൾ വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇന്ത്യൻ പൗരനായ ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കും പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.