ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിനെ വരവേൽക്കുന്നതിൻ്റെ ഭാഗമായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേ ഴ്സ് അഫയേസിന്റെ ”30 ഗ്ലോബൽ വില്ലേജ്” എന്നടയാളപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസം സൗജന്യ പ്രവേശനം നൽകുമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേ ഴ്സ് അഫയേഴ്സും (GDRFA ), ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി, ദുബായിൽ നിന്ന് പുറത്തിറക്കുന്ന വിസകളിലും എമിറേറ്റിൻ്റെ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും. ലോഗോ അ ടങ്ങിയ ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസം സൗജന്യപ്രവേശനം ലഭിക്കും. ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ.
സമാനതകളില്ലാത്ത കാഴ്‌ചകളും വിസ്‌മയാനുഭവങ്ങളും സമ്മാനിക്കാൻ ഗ്ലോബൽ വില്ലേജിൻ്റെ 30-ാം പതിപ്പ് ഈ മാസം ഒക്ടോബർ 15 മുതൽ സന്ദർശകരെ സ്വാഗതം ചെയ്തുതുടങ്ങും. ഒട്ടേറെ പുതിയ കാഴ്‌ചകളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. ഈജിപ്‌ത്, ഇറാൻ പവിലിയനുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ‘ഗാർഡൻസ് ഓഫ് ദ വേൾഡ്’ ആണ് പുതിയ പതിപ്പിൻ്റെ സവിശേഷത. ഇവിടെ മനോഹരമായ പൂക്കളും പ്രധാനപ്പെട്ട ലാൻഡ്‌മാർക്കുകളുടെ മാതൃകകളുമുണ്ടാകും.