ദുബായ്: പാസ്പോർട്ട്- വിസാ സേവനദാതാവായ ബിഎൽഎസ് ഇന്റർനാഷണലിന് വിലക്കേർപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. രണ്ടു വർഷത്തേയ്ക്ക് വിദേശകാര്യമന്ത്രാലയത്തിൻ്റെ ടെൻഡർ നടപടികളിൽ ബിഎൽഎസിന് പങ്കെടുക്കാൻ കഴിയില്ല. അതേസമയം, നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്നും സേവനങ്ങൾ തുടരുമെന്നും ബിഎൽഎസ് അറിയിച്ചു.
വിവിധ കോടതികളിലെ കേസുകളും പരാതികളും പരിഗണിച്ചാണ് ബിഎൽഎസ് ഇൻ്റർനാഷണലിനെ ടെൻഡർ നടപടികളിൽ നിന്നും വിലക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്. എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും നിലവിൽ ടെൻഡറുകളും കരാറുകളും ലഭിച്ച സേവനങ്ങൾ ബിഎൽഎസിന് തുടരാം. അതുകൊണ്ടുതന്നെ ബിഎൽഎസിൻറെ പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തിവെയ്ക്കേണ്ടി വരില്ല.
ടെൻഡർ കാലാവധി തീരുന്നതോടെ പാസ്പോർട്ട് – വിസാ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനും പ്രവാസികൾ ഇന്ത്യൻ എംബസിയേയോ കോൺസുലേറ്റുകളേയോ സമീപിക്കേണ്ടി വരും. എഴുപതോളം വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ ഇത്തരം സേവനങ്ങൾ നൽകുന്നത് ബിഎൽഎസ് കേന്ദ്രങ്ങളാണ്. സേവനങ്ങൾക്കുള്ള ബുക്കിങ് ലഭിക്കാത്തതടക്കം നിരവധി പരാതികൾ ബിഎൽഎസിനെതിരെ ഉയർന്നിരുന്നു.