അബുദാബിയിൽ ട്രാഫിക് പിഴകളിൽ ഇളവ് അനുവദിച്ച് അബുദാബി പോലീസ്. നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും. പിഴ 60 ദിവസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലും അടയ്ക്കുകയാണെങ്കിൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും. എന്നാൽ, ചില ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് കിഴിവ് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പിഴ അടയ്ക്കാനായി അബുദാബി പോലീസ് ആപ്പ്, TAMM പ്ലാറ്റ്‌ഫോം കസ്റ്റമർ ഹാപ്പിനസ് കൗണ്ടറുകൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഈ ഡിജിറ്റൽ സേവനങ്ങൾ വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പിഴ അടയ്ക്കാൻ കഴിയുമെന്നും അബുദാബിയുടെ ഡിജിറ്റൽ പരിവർത്തനങ്ങളെ ഇവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗത നിയമങ്ങൾ സംബന്ധിച്ച ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പെയ്‌നുകളും അബുദാബി പോലീസ് നടത്തുന്നുണ്ട്.
ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുക, ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുക, നൂതന മാർഗങ്ങളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ക്യാമ്പെയ്ൻ നടത്തുന്നത്. ക്യാമ്പെയിനിന്റെ ഭാഗമായി അബുദാബിയിലുടനീളമുള്ള പൊതു ബസ്, ടാക്‌സി സ്‌ക്രീനുകളിൽ ‘ഇനിഷ്യേറ്റ് ആൻഡ് ബെനിഫിറ്റ്’ എന്ന ഒരു ബോധവത്കരണ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്