ദുബായിൽ നിന്ന് ഇന്ന് തിങ്കളാഴ്ച പുലർച്ചെ പറന്നുയർന്ന ചരക്ക് വിമാനം ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ച് രണ്ട് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപമുള്ള ഒരു ഗ്രൗണ്ട് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്
പുലർച്ചെ 3:50 ഓടെയാണ് (പ്രാദേശിക സമയം) അപകടം നടന്നത്. തുർക്കിഷ് കാർഗോ കാരിയറായ എയർഎസിടി (AirACT) ഓപ്പറേറ്റ് ചെയ്തിരുന്ന ബോയിംഗ് 747 ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വിമാനത്താവള അധികൃതർ അറിയിച്ചു. ഈ വിമാനം എമിറേറ്റ്‌സ് വിമാന നമ്പറിലാണ് സർവീസ് നടത്തിയത്.