ദുബായുടെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പ്രധാന കേന്ദ്രമായി നഗരത്തെ മാറ്റുന്നതിനുമായി സുപ്രധാന പദ്ധതികൾക്ക് അംഗീകാരം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ എഐ സംരംഭങ്ങൾക്ക് അംഗീകാരം നൽകിയത്.
ദുബായ് ഇക്കണോമിക് അജണ്ട (D33) യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, ദുബായിയെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഗവൺമെന്റ് സ്ഥാപനങ്ങളിൽ എഐ സാങ്കേതികവിദ്യ വേഗത്തിലും സുരക്ഷിതമായും നടപ്പിലാക്കാൻ സഹായിക്കുന്ന ‘എഐ ഇൻഫ്രാസ്ട്രക്ചർ എംപവർമെന്റ് പ്ലാറ്റ്ഫോം’ (AI Infrastructure Empowerment Platform) ആണ് പ്രഖ്യാപിച്ച പ്രധാന പദ്ധതികളിൽ ഒന്ന്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും, ചെലവ് കുറയ്ക്കാനും, സൈബർ സുരക്ഷ ഉറപ്പാക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കും.
ഇതോടൊപ്പം, ‘ദുബായ് എഐ ആക്സിലറേഷൻ ടാസ്ക്ഫോഴ്സ്’ (Dubai AI Acceleration Taskforce) രൂപീകരിക്കാനും ശൈഖ് ഹംദാൻ അംഗീകാരം നൽകി. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള എഐ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നയങ്ങൾ രൂപപ്പെടുത്തുകയുമാണ് ഈ ടാസ്ക്ഫോഴ്സിന്റെ പ്രധാന ലക്ഷ്യം. 27 സർക്കാർ വകുപ്പുകളിലെ ചീഫ് എഐ ഓഫീസർമാർ ഈ ദൗത്യസംഘത്തിന്റെ ഭാഗമാകും.
സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുന്ന ‘യൂണികോൺ 30 പ്രോഗ്രാമി’നും (Unicorn 30 Programme) തുടക്കമായി. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതി, അതിവേഗം വളരുന്ന 30 സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ‘യൂണികോൺ’ (ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള) പദവിയിലേക്ക് എത്തിക്കാൻ സഹായിക്കും.