യുഎഇയിലെ ഓൺലൈൻ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ നൽകാനുള്ള പെര്‍മിറ്റ് രജിസ്ട്രേഷൻ കാലയളവ് നീട്ടിയതായി യുഎഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.
കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇപ്പോൾ 2026 ജനുവരി 31 വരെ പെർമിറ്റിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. നേരത്തെ, ഈ മാസം ഒക്ടോബർ അവസാനം പെർമിറ്റ് പ്രാബല്യത്തിൽ വരുമെന്നാണ് നിശ്ചയിച്ചിരുന്നത്.
യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ വെബ്സൈറ്റുകളിലോ ആപ്പുകളിലോ പണം നൽകിയോ അല്ലാതെയോ പരസ്യങ്ങൾ പങ്കിടുന്ന ഏതൊരാളും ഈ പെർമിറ്റ് എടുത്തിരിക്കണം. ഡിജിറ്റൽ പരസ്യങ്ങളിൽ സുതാര്യത, പ്രൊഫഷണലിസം, ഉപഭോക്തൃ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങളുടെ ഭാഗമാണിത്.
പെർമിറ്റ് ഒരു വർഷത്തേക്ക് കാലാവധിയുള്ളതായിരിക്കും. എല്ലാ വർഷവും പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞതിന് ശേഷം 30 ദിവസത്തിനുള്ളിൽ നിങ്ങൾ അത് പുതുക്കിയില്ലെങ്കിൽ, റദ്ദാക്കപ്പെടും.