ദുബായ്: ബിഗ് ടിക്കറ്റ് വീക്ക്‌ലീ ഇ-ഡ്രോയിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ദുബായിലെ പ്രവാസി മലയാളി ബോണി തോമസിന് ലഭിച്ചത്. അഞ്ച് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ബോണി തോമസിനെ ഭാഗ്യദേവത കടാക്ഷിച്ചത്. 31 കാരനായ ബോണി കോർഡിനേറ്റിംഗ് ഓഫീസറായി ജോലി ചെയ്ത് വരികയാണ്.
ബിഗ് ടിക്കറ്റ് അവതാരകനായ റിച്ചാർഡിൽ നിന്നും തനിക്ക് അപ്രതീക്ഷിതമായ ഒരു കോൾ ലഭിച്ചുവെന്നും 001009 എന്ന ടിക്കറ്റ് നമ്പറിൽ തനിക്ക് ലഭിച്ച ഭാഗ്യസമ്മാനത്തെ കുറിച്ച് തന്നെ അറിയിച്ചുവെന്നും ബോണി തോമസ് പറഞ്ഞു. ആദ്യം ഇതൊരു പ്രാങ്ക് കോൾ ആണെന്നായിരുന്നു താൻ കരുതിയത്. എന്നാൽ റിച്ചാർഡിന്റെ ശബ്ദം പിന്നീട് താൻ തിരിച്ചറിഞ്ഞുവെന്നും വളരെ സന്തോഷമായെന്നും ബോണി അറിയിച്ചു.
2017 മുതൽ ബോണി ദുബായിൽ ജോലി ചെയ്യുന്നുണ്ട്. സ്ഥിരമായി ബോണി ബിഗ് ടിക്കറ്റുകൾ എടുക്കാറുണ്ട്. സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ബോണി ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ഈ ടിക്കറ്റ് താൻ അഞ്ചു പേരുമായി ഷെയർ ചെയ്താണ് എടുത്തതെന്നും അവരെല്ലാം തന്റെ സഹപ്രവർത്തകരാണെന്നും ബോണി കൂട്ടിച്ചേർത്തു.





