ദുബായ്: ദുബായിൽ സ്വർണ്ണമാല മോഷ്ടിച്ച പ്രവാസി യുവതിയ്ക്ക് 5000 ദിർഹം പിഴ. യൂറോപ്യൻ സ്ത്രീയ്ക്കാണ് ദുബായിലെ കോടതി പിഴ വിധിച്ചത്. പിഴയ്ക്ക് പുറമെ യുവതി 10000 ദിർഹം നഷ്ടപരിഹാരവും നൽകണം. ദുബായിലെ ഒരു റീട്ടെയിൽ സ്‌റ്റോറിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.
സെയിൽസ് ക്ലാർക്കാണ് യുവതിക്കെതിരെ പരാതി നൽകിയത്. സെയിൽസ് ക്ലാർക്കിന്റെ ശ്രദ്ധ തെറ്റിയ സമയത്ത് ഇവർ മാലയുമായി സ്‌റ്റോറിൽ നിന്നും കടന്നു കളയുകയായിരുന്നു. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സ്ത്രീ തന്റെ ഹാൻഡ് ബാഗിൽ മാല ഇടുന്നതായി സെയിൽസ് ക്ലാർക്ക് കാണുന്നത്. തുടർന്ന് സ്‌റ്റോർ മാനേജർ വിവരം പോലീസിൽ അറിയിച്ചു.
ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ മാല എടുത്തുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. എന്നാൽ മോഷണം നടത്താൻ താൻ പദ്ധതിയിട്ടുരുന്നില്ലെന്നും സഹോദരിയുടെ മരണ വാർത്ത അറിഞ്ഞതോടെ താൻ തിടുക്കത്തിൽ കടയിൽ നിന്നും ഇറങ്ങിപ്പോയതാണെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. യുവതിയ്ക്ക് ക്രിമിനൽ ഉദ്ദേശ്യമില്ലെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് സ്ത്രീ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വീഡിയോ തെളിവുകൾ സ്ത്രീയുടെ മനഃപൂർവമായ പ്രവൃത്തിയെ വ്യക്തമായി കാണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.





