കൊച്ചി – അബുദാബി വിമാനത്തിൽ ഒരു യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സിപിആർ നൽകി മലയാളി നഴ്‌സുമാർ രക്ഷകരായി.
എയർ അറേബ്യ കൊച്ചി – അബുദാബി (3L128 )വിമാനത്തിൽ ഒക്ടോബർ 13 ന് യുഎഇയിൽ കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയോടെ വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും (20) തുടങ്ങിയ യാത്രയിലാണ് ഈ സംഭവമുണ്ടായത്.
പുലർച്ചെ 5.50 ഓടെ വിമാനം 35,000 അടി ഉയരത്തിൽ അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോയായിരുന്നു ഒരു യാത്രക്കാരൻ സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത് തിരിഞ്ഞു നോക്കിയത്. ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്’-അഭിജിത്ത് പറയുന്നു.
34 വയസ്സുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്‌ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതി വഷളാകാതിരിക്കാനും ശ്രദ്ധിച്ചു.






