‘കേരളം അതിദാരിദ്ര്യ മുക്തം’ കേരളപ്പിറവി ദിനത്തില്‍ നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

'Kerala is free from extreme poverty' on Kerala Piravi Day

കേരളം അതിദാരിദ്ര്യ മുക്തമായെന്ന് ഇന്ന് കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു

ഈ കേരളപ്പിറവി ദിനത്തില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായെന്നും നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. കേരളപ്പിറവിദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങൾ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേർന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേരളപ്പിറവി ദിനത്തിൽ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പിന്നീട് കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾപോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈകീട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുപ്രഖ്യാപനവും നടത്തും. ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നടപ്പാക്കാവുന്ന കാര്യങ്ങൾ എന്താണോ അതേ പറയാറുള്ളൂ. ഈ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകുന്ന അംഗീകാരത്തിൻ്റെ അടിസ്ഥാനം എന്താണ് പറഞ്ഞത് അത് നടപ്പാക്കുമെന്നുള്ളതാണ്’ പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ന് പറഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയിൽപ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിർത്തി. ഇവരുൾപ്പെട്ട 4723 കുടുംബങ്ങളെ പട്ടികയിൽനിന്ന് താത്കാലികമായി ഒഴിവാക്കി.

ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്. ശനിയാഴ്ച‌ വൈകീട്ട് നടക്കുന്ന പൊതുപ്രഖ്യാപനച്ചടങ്ങിൽ നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!