ദുബായിൽ നിന്നും ലഖ്നൗവിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിലെ 200 ഓളം പേർക്ക് ലഗേജ് നഷ്ടമായതായി പരാതി. മൂന്ന് ദിവസമായിട്ടും സാധനങ്ങൾ അടങ്ങിയ ലഗേജ് ലഭിക്കാതെ വലയുകയാണ് യാത്രക്കാർ. ദുബായിൽ നിന്നുള്ള IX-198 വിമാനം നവംബർ 3 ന് പുലർച്ചെ 4.30 ഓടെയാണ് ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ ലഗേജുകൾ ദുബായ് വിമാനത്താവളത്തിൽ തന്നെയാണ് ഉള്ളതെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
പക്ഷേ ലഗേജ് നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകാൻ ഇതുവരെയും എയർലൈൻ തയ്യാറായിട്ടില്ല.എന്നാൽ യാത്രക്കാർക്ക് അവരുടെ സാധനങ്ങൾക്ക് പകരം മുമ്പത്തെ IX-194 വിമാനത്തിൽ നിന്നുള്ള ബാഗുകളാണ് ലഭിച്ചത്. ലഗേജ് ദുബായിൽ നിന്ന് ലോഡ് ചെയ്യാൻ വിട്ടുപോയെന്നും 12 മണിക്കൂറിനുള്ളിൽ എത്തുമെന്നും എയർലൈൻ ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട്. പക്ഷെ ആ ആ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടില്ല.
അസംഘട്ട്, കാൺപൂർ തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് യാത്രക്കാർ ഇന്നലെ പരിഹാരം തേടി പല തവണ വിമാനത്താവളത്തിലേക്ക് പോയി. പക്ഷേ അവർക്ക് ഒരു കസ്റ്റമർ കെയർ നൽകുക മാത്രമാണ് ഉണ്ടായത്. എന്നാൽ ആ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചിട്ടും മറുപടി കിട്ടിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. വിവാഹങ്ങൾക്കും വിവിധ പരിപാടികൾക്കുമായി യാത്ര ചെയ്തവരുടെ പുതുവസ്ത്രങ്ങളടക്കം നിരവധി അവശ്യസാധനങ്ങൾ ലഗേജുകളിൽ ഉണ്ടെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.






