അൽ ഐനിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറബിക് പത്രമായ അൽ ഖലീജ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇസ്സ എന്ന ആൺകുട്ടി സഹോദരിയോടൊപ്പം വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദാരുണമായ അപകടം നടന്നത്.
കുട്ടിയുടെ പിതാവ്, പ്രാദേശിക പള്ളിയിലെ ഇമാമും ഖുറാൻ അധ്യാപകനുമാണ്. ജോലിക്ക് പോകാൻ സമയമായപ്പോൾ കുട്ടികൾ പുറത്തുപോകാതിരിക്കാൻ ഗേറ്റ് അടച്ചിട്ട് പുറത്ത് പോയി ഒരു മണിക്കൂറിനുള്ളിലാണ് മകൻ വാട്ടർ ടാങ്കിൽ വീണ് മരണപ്പെട്ടെന്ന കാര്യം ഭാര്യ വിളിച്ചു പറയുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആൺകുട്ടിയും സഹോദരിയും വീടിന് പുറത്ത് കളിച്ചുകൊണ്ടിരികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഇസ്സ ഒരു കുഴിയിൽ വീണുപോയെന്ന് മകൾ നിലവിളിക്കുന്നത് കേട്ടുവെന്ന് ഇസ്സയുടെ അമ്മ പറഞ്ഞു. തുടർന്ന് നിലവിളിക്കാൻ തുടങ്ങിയപ്പോൾ, അയൽക്കാർ എത്തി കുട്ടിയെ ടാങ്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചിരുന്നു.





