അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിനന്ദിച്ചു.
മറ്റുള്ളവർ മാതൃകയാക്കേണ്ട നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളപിറവിയുടെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി അബുദാബിയിൽ സിറ്റി ഗോൾഫ് ക്ലബ്ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞാണ് യുഎഇ സഹിഷ്ണുതാ മന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന് പ്രഖ്യാപനത്തെ അഭിനന്ദിച്ചത്.
കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ലെന്നും മലയാളോത്സവത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. 2018 ലെ മഹാപ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ സന്നദ്ധമായ യുഎഇ ഭരണാധികാരികളെ മറക്കാനാവില്ല. ആപത്ത് കാലത്ത് ഒപ്പമുണ്ടാവുമെന്ന് തന്ന ഉറപ്പിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






