അന്താരാഷ്ട്ര ശ്രദ്ധനേടിയ അമി റഷീദിന്റെ പുസ്തകം ‘മെയ്ക് ദി ക്ലാരിറ്റി കോൾ റ്റു യുവർ സെൽഫ്’ പ്രകാശനം നവംബർ 16ന്, ഷാർജ രാജ്യാന്തര പുസ്തക മേളയിൽ
ആമസോണിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകം, ദുബായിലെ പ്രവാസിയായ അമി റഷീദിന്റെ ‘മെയ്ക് ദി ക്ലാരിറ്റി കോൾ റ്റു യുവർ സെൽഫ്’ ഷാർജ അന്താരാഷ്ട്ര പുസ്തക മേള- 2025ൽ നവംബർ 16ന് ഞായർ വൈകീട്ട് 4ന് മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും.
![]()
ചടങ്ങിൽ എഴുത്തുകാരി ആശ അയ്യർ കുമാർ, എൻ.ബി.ടി ഇന്ത്യ ജോയിന്റ് ഡയരക്ടർ രാകേഷ് കുമാറിന് നൽകി പ്രകാശനം നിർവഹിക്കും. ഹോട്പാക്ക് ഗ്രൂപ് ഡയരക്ടർ സൈനുദ്ദീൻ പി.ബി മുഖ്യാതിഥിയാകും. ഇന്റർഫെയ്ത് ഹാർമണി ഇനീഷ്യേറ്റിവ് ഡയരക്ടറും യു.കെ സെന്റ് ആൻഡ്രൂസ് യൂനിവേഴ്സിറ്റി ഫാക്കൽട്ടിയുമായ ഡോ.അബ്ബാസ് പനക്കൽ, അജ്മാൻ മെട്രോപൊളിറ്റൻ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കോട്ടക്കുളം, ബിസിനസ് കോച്ച് ഉണ്ണികൃഷ്ണൻ വി.ആർ, പബ്ലിക് റിലേഷൻസ് എക്സ്പേർട് റഷീദ് പള്ളിയാലിൽ എന്നിവർ സംസാരിക്കും. ഗ്രന്ഥകാരി അമി റഷീദ് നന്ദി പ്രഭാഷണം നടത്തും.
അമി റഷീദിന്റെ പ്രഥമ പുസ്തകമായ ‘മെയ്ക് ദി ക്ലാരിറ്റി കോൾ റ്റു യുവർ സെൽഫ്’ ൽ ജീവിതത്തിൽ മാനസിക വ്യക്തത നേടിയെടുക്കുന്നതും ചിട്ടയായ ജീവിത ചുറ്റുപാടുകൾ ഉണ്ടാക്കിയെടുക്കുന്നതുമായാ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സങ്കീർണമായ മസ്തിഷ്കത്തെ പുനഃക്രമീകരിക്കാനുള്ള പരിശീലന പദ്ധതിയും കൂടിയാണ് ‘മെയ്ക് ദി ക്ലാരിറ്റി കോൾ റ്റു യുവർസെൽഫ്’ എന്ന പുസ്തകത്തിലൂടെ അമി റഷീദ് പറയുന്നത്. പുസ്തകം എൻ.ബി.ടി സ്റ്റാളുകളിൽ ഇപ്പോൾ ലഭ്യമാണ്. ആമസോണിലും ഓൺലൈൻ ആയി പുസ്തകം ലഭിക്കുന്നു.
ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ഇന്ത്യൻ ദേശീയ പ്രസാധകരായ നാഷണൽ ബുക് ട്രസ്റ്റ് (എൻ.ബി.ടി) സ്റ്റാളിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ്കുമാർ ശിവന് അമി റഷീദ് തന്റെ പുസ്തകം സമർപ്പിച്ചു, എൻ.ബി.ടി ചെയർമാൻ പ്രൊഫ. മിലിന്ദ് മാറത്തേ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർ സന്നിഹിതരായി.






