2026-ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദുബായിൽ ആദ്യമായി ക്രൂവിനെ വഹിച്ചുകൊണ്ടുള്ള എയർ ടാക്സി വിമാനം അൽ മക്തൂം വിമാനത്താവളത്തിൽ ഇറങ്ങി. വിമാനം മാർഗാമിൽ നിന്ന് പറന്നുയർന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DWC) ലാൻഡ് ചെയ്യുകയായിരുന്നു.
റോഡ് ശൃംഖല, പൊതുഗതാഗത സംവിധാനങ്ങൾ, ഏരിയൽ ടാക്സി സേവനങ്ങൾ, ദുബായ് വാക്ക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായ ഫ്യൂച്ചർ ലൂപ്പ് പദ്ധതി എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനിടെ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറൽ മതാർ അൽ തായർ, ഏരിയൽ ടാക്സി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഷെയ്ഖ് ഹംദാനെ അറിയിച്ചു. ജോബി ഏവിയേഷൻ ഇൻകോർപ്പറേറ്റഡ് ആണ് ദുബായിലെ മരുഭൂമിയിൽ പദ്ധതിയുടെ പ്രവർത്തന പരീക്ഷണങ്ങൾ നടത്തുന്നത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങൾക്കിടയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) ഏരിയൽ ടാക്സിയുടെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് കമ്പനി അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
എയർ ടാക്സിയ്ക്ക് 160 കിലോമീറ്റർ പറക്കൽ ശ്രേണിയും, മണിക്കൂറിൽ 320 കിലോമീറ്റർ പരമാവധി വേഗതയും ഉണ്ടാകും. പൈലറ്റിന് പുറമേ നാല് യാത്രക്കാരെയും വിമാനത്തിൽ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ ആറ് പ്രൊപ്പല്ലറുകളും നാല് സ്വതന്ത്ര ബാറ്ററി പായ്ക്കുകളും വിമാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൂർണ്ണമായും വൈദ്യുതിയും പരിസ്ഥിതി സൗഹൃദപരവുമായ ഈ ഏരിയൽ ടാക്സി, സുരക്ഷ, സുഖം, വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു.






