ഷാർജയിൽ കടലിൽ മുങ്ങിതാഴാൻ പൊയ്കൊണ്ടിരുന്ന ഒരാളെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ഷാർജ സിവിൽ ഡിഫൻസ് ആദരിച്ചു.
പതിവ് പട്രോളിങ്ങിനിടെയാണ് സമുദ്ര രക്ഷാ യൂണിറ്റ് യാദൃശ്ചികമായി കടലിൽ മുങ്ങി താഴ്ന്ന്കൊണ്ടിരുന്ന ഒരാളെ അപകടകരമായ അവസ്ഥയിൽ കണ്ടെത്തിയത്.പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് അയാളുടെ അടുത്തേക്ക് വേഗത്തിൽ എത്തിച്ചേരാനും, ബോട്ടിൽ കയറ്റാനും, പ്രത്യേക മെഡിക്കൽ സൗകര്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഉടനടി പ്രഥമശുശ്രൂഷ നൽകാനും കഴിഞ്ഞു.
രക്ഷാപ്രവർത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനും വേഗത്തിലുള്ള ഇടപെടലിനും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ യൂസഫ് ഉബൈദ് ഹർമൗൾ അൽ-ഷംസി രക്ഷാപ്രവർത്തകരെ ആദരിച്ചു. കഴിഞ്ഞ മാസം, രാത്രിയിൽ മംസാർ ബീച്ചിൽ മുങ്ങിപോയ രണ്ട് കൊച്ചു പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചതിന് ഒരു ഈജിപ്ഷ്യൻ പ്രവാസിയെ അതോറിറ്റി ആദരിച്ചിരുന്നു.






