ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ഏഴാമത് ദുബായ് റൺ 2025 ഇന്ന് നവംബർ 23 ന് രാവിലെ വിജയകരമായി പൂർത്തിയായി. രാവിലെ 6.30നാണ് ദുബായ് റൺ ആരംഭിച്ചത്.

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് ആളുകൾ ദുബായിയുടെ സെൻട്രൽ ഹൈവേ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയപ്പോൾ അതൊരു വർണ്ണാഭമായ കാഴ്ചയായി മാറി. ഒരു മാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന പരിപാടികളിലൊന്നായ ഈ സൗജന്യ പരിപാടിയിൽ എല്ലാ പ്രായത്തിലുമുള്ള ഓട്ടക്കാർക്കും പങ്കെടുക്കാമായിരുന്നു. പുലർച്ചെ 4 മണി മുതൽ തന്നെ ആളുകൾ എത്തിച്ചേർന്നിരുന്നു. ദുബായ് റണ്ണിലേക്ക് ആളുകൾക്ക് എത്തിച്ചേരുന്നതിനായി ദുബായ് മെട്രോ പുലർച്ചെ 3 മണി മുതൽ തന്നെ പ്രവർത്തിച്ചിരുന്നു.
5 കിലോമീറ്റർ അല്ലെങ്കിൽ 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് ദുബായ് റണ്ണിനായി ഉണ്ടായിരുന്നത്. ഒന്ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ച് ബുർജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിന് സമീപം അവസാനിച്ചു. മറ്റൊന്ന് 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം മ്യൂസിയത്തിന് സമീപം ആരംഭിച്ചെങ്കിലും ദുബായ് കനാൽ പാലം കടന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ വളഞ്ഞുപുളഞ്ഞ് ഡിഐഎഫ്സി ഗേറ്റിന് സമീപം അവസാനിച്ചു. ഈ സമയങ്ങളിൽ ഷെയ്ഖ് സായിദ് റോഡ് അടച്ചിടുകയും രാവിലെ 8.30 ന് വീണ്ടും തുറക്കുകയും ചെയ്തു. 30,7000 പേർ ദുബായ് റണ്ണിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ






