ഷാർജ മീഡിയ സിറ്റിയിലെ പ്രധാന മാധ്യമ പദ്ധതികളുടെ ഒരു പാക്കേജിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റിലെ മാധ്യമ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഷാർജ മീഡിയ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള ഒരു നൂതന മാതൃക സ്ഥാപിക്കുന്നതുനുമുള്ള ഗുണപരമായ ഒരു പദ്ധതിയാണിത്.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ ദർശനത്തിന്റെയും താൽപ്പര്യത്തിന്റെയും ഭാഗമാണ് ഈ പദ്ധതികൾ. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പിന്തുണയും മേൽനോട്ടവും ഇവയ്ക്ക് ഉണ്ട്. സർക്കാർ മാധ്യമ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അതിനെ കൂടുതൽ ശക്തവും ഫലപ്രദവുമായ ഒരു സംവിധാനമാക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.






