പുതുവത്സരാഘോഷങ്ങൾ ആസ്വദിക്കാൻ നിവാസികൾക്കും വിനോദസഞ്ചാരികൾക്കുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) പ്രത്യേക സർവിസുകളും ഓഫറുകളും പ്രഖ്യാപിച്ചു. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയുൾപ്പെടെ ജലഗതാഗത യാത്രകൾക്കാണ് ഓഫറുകളും പ്രത്യേക സേവനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31ന് രാത്രി 10നും പത്തരക്കുമിടയിൽ ദുബായ് ഫെറി സർവിസുകൾ മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ ( ദുബായ് മറീന), അൽ ഗുബൈബൈ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ, ബ്ലൂവാട്ടേഴ്സ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടും.
എല്ലാ യാത്രകളും അർധരാത്രി ഒന്നരക്ക് അവസാനിക്കും. ഫെറിയുടെ ടിക്കറ്റ് നിരക്കുകൾ സിൽവർ ക്ലാസിന് 350 ദിർഹവും ഗോൾഡ് ക്ലാസിന് 525 ദിർഹവുമാണ്. രണ്ടു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. വാട്ടർ ടാക്സസി സർവീസുകൾ മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽനിന്ന് ആരംഭിക്കും. 20 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഫുൾ-ബോട്ട് ബുക്കിങ്ങിന് 3750 ദിർഹമാണ് നിരക്ക്. ഇതിൽ വീൽചെയർ സംവിധാനവുമുണ്ടായിരിക്കും. അൽ ജദ്ദാഫ്, അൽ ഫാഹിദി, അൽ ഗുബൈബ, മറീന മാൾ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിൽനിന്നാണ് അബ്ര സർവിസ് നടത്തുക.






