ഷാർജ : പുതുതായി വികസിപ്പിച്ച അൽ എസ്തിഖ്ലാൽ സ്‌ക്വയർ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് ചൊവ്വാഴ്ച 54-ാം ദേശീയ ദിനത്തിൽ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സ്മാരകത്തിന്റെ നിർമ്മാണം, ചുറ്റുമുള്ള സ്‌ക്വയറിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങൾ ആണ് പൂർത്തിയായത്.
സ്ക്വയറിന്റെ മധ്യ ഭാഗത്തായി നിർമിച്ച 34 മീറ്റർ ഉയരമുള്ള സ്‌മാരക ഫലകവും ഷാർജ ഭരണാധികാരി അനാച്ഛാദനം ചെയ്തു. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് നക്ഷത്രങ്ങളാണ് സ്‌മാരകത്തിന്റെ മുകളിലായി രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇതുവഴി പ്രദേശത്തിൻ്റെ ചരിത്രവും ദേശീയവുമായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രമുഖ ലാൻഡ്‌മാർക്കായി സ്‌മാരകത്തെ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. നാല് ഫലകങ്ങളാണ് സ്‌മാരകത്തിലുള്ളത്.





