54-ാമത് യുഎഇ ദേശീയ ദിനാഘോഷ വേളയിൽ ഗതാഗത നിയമങ്ങൾ ലംഘനങ്ങൾ ഉണ്ടാക്കിയ 49 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു.
മൊത്തം 3,153 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. നിരവധി വാഹനമോടിക്കുന്നവരുടെ അപകടകരമായതും തടസ്സപ്പെടുത്തുന്നതുമായ ഡ്രൈവിംഗാണ് ഈ നിയമലംഘനങ്ങൾക്ക് കാരണമായത്.
ചില ഡ്രൈവർമാർ ദേശീയ അവധി ദിനങ്ങളോ പൊതുപരിപാടികളോ ചൂഷണം ചെയ്ത് അശ്രദ്ധവും, സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന നിരുത്തരവാദപരവുമായ ഡ്രൈവിംഗിൽ ഏർപ്പെട്ടുവെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ഈ ഡ്രൈവർമാർ നിയമവിരുദ്ധമായ സ്റ്റണ്ടുകളിലും ഓട്ടമത്സരങ്ങളിലും ഏർപ്പെടുന്നുണ്ടെന്നും റെസിഡൻഷ്യൽ ഏരിയകളിലെ താമസക്കാർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രീതികൾ എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന ഈ പ്രിയപ്പെട്ട അവസരവുമായി ബന്ധപ്പെട്ട ദേശീയ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



