യുഎഇയിൽ പലയിടങ്ങളിലായി ഇന്ന് പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണി മുതൽ രാവിലെ 10 മണി വരെ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫോഗ് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎഇയിലുടനീളം ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ദ്വീപുകളിലും പടിഞ്ഞാറൻ മേഖലയുടെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. പകൽ സമയത്ത് താപനില അല്പം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെ വരെയും, പ്രത്യേകിച്ച് ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ, ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. തെക്ക്-കിഴക്ക് നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്ക് മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോഴൊക്കെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭം നേരിയ തോതിൽ തുടരും.




