ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു.
ലുലു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബ് തായ്ലാൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ സുനന്ത കാങ്‌വൽകുൽക്കി, തായ്‌ലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്‌സ് സൗദ് ഇബ്രാഹീം അൽ തുനൈജി, തായ്‌ലാൻഡ് എക്സിം ബാങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു തായ്‌ലാൻഡ് ഡയറക്ടർ സയ്യിദ് അബ്ദുൽ അനീസ് തുടങ്ങിയവരും സംബന്ധിച്ചു. ഉദ്ഘാടനത്തിനു ശേഷം ഓഫിസും മറ്റ് അനുബന്ധ സൗകര്യങ്ങളും മന്ത്രി നോക്കി കണ്ടു.
തായ്‌ലാൻഡ് ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗൾഫ് രാജ്യങ്ങളിൽ സജീവമക്കാൻ മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ പറഞ്ഞു. സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ റിയാദ് ലുലു ഹൈപ്പർ മാർക്കറ്റിലെ തായ് ഭക്ഷ്യ മേള ഉദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി അനുസ്മരിച്ചു. തായ്ലാൻഡിലെ ലുലുവിന്റെ നിക്ഷേപങ്ങൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.
കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഉൽക്കൊള്ളുന്ന ലോജിസ്റ്റിക്സ് ഹബ്ബ് തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഹലി പറഞ്ഞു. 27 വർഷമായി ലുലു തായ്‌ലാൻഡിലെ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തായ്‌ലാൻഡിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കാൻ പുതിയ ഹബ്ബ് സഹായകരമാകും. ഉപഭോക്താക്കൾക്ക് ഏറെ താത്പര്യമുള്ള തായ് ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടെ ഉല്പന്നങ്ങൾ കൂടുതലായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.
പ്രാദേശിക കർഷകർക്കും ഉത്പാദകർക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ നീക്കം. അരി, പഴം-പച്ചക്കറി, ഗാർമെന്റ്സ്, സ്റ്റേഷനറി അടക്കം 4000-ത്തിലധികം ഉത്പന്നങ്ങൾ നിലവിൽ ലുലു തായ്‌ലാൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് യൂസഫലി കൂട്ടിച്ചേർത്തു
തായ്‌ലാൻഡിൽ പ്രവർത്തനം ആരംഭിച്ച 1998 മുതൽ ജോലിയിൽ പ്രവേശിച്ച തായ്‌ലാൻഡ് സ്വദേശി സുവിനെ ചടങ്ങിൽ മന്ത്രിയും യൂസഫലിയും ചേർന്ന് ആദരിച്ചു




