അബൂദബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിലേക്ക് Emirates Park Zoo and Resort (EPZR) സന്ദർശകർക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി അൽ വഹ്ദ മാളുമായി സഹകരിച്ച് സൗജന്യ ബസ് സർവീസ് ആരംഭിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ബസ് സർവീസ് ഉണ്ടായിരിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മണി, വൈകീട്ട് അഞ്ച് എന്നീ സമയങ്ങളിൽ അൽ വഹ്ദ മാളിൽ നിന്ന് ബസ് പുറപ്പെടും. തിരിച്ച് സൂവിൽ നിന്ന് വൈകീട്ട് നാല്, രാത്രി എട്ട് എന്നീ സമയങ്ങളിൽ തിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് ഒന്ന്, വൈകീട്ട് 4.30 എന്നീ സമയങ്ങളിൽ മാളിൽ നിന്നും മൃഗശാലയിലേക്ക് സർവീസുണ്ടാകും. വൈകീട്ട് നാല്, രാത്രി എട്ട് എന്നീ സമയങ്ങളിലാണ് സുവിൽ നിന്നുള്ള മടക്കയാത്ര.
അൽ വഹ്ദ മാളിൽ നിന്ന് എമിറേറ്റ്സ് പാർക്ക് മൃഗശാലയിലേക്ക് ഒരു വർഷത്തേക്കാണ് സൗജന്യ ബസ് സർവീസ്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും സന്ദർശന വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നവർക്കുമെല്ലാം സൗജന്യ യാത്ര ഏറെ ഗുണകരമാവും. കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും മൃഗശാല സന്ദർശനം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.
സൗജന്യ ബസ് യാത്ര ഒരുക്കുന്നതിനുള്ള പദ്ധതിക്ക് അബുദബി എമിറേറ്റ്സ് പാർക്ക് സൂ, അൽ വഹ്ദ മാൾ അധികൃതർ കരാർ ഒപ്പിട്ടു. സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നതിലൂടെ സന്ദർശകർക്ക് പാർക്ക് സൂ വിലേക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുമെന്നും ഇത് കൂടുതൽ ആളുകൾക്ക് പ്രോത്സാഹനമാകുമെന്നും എമിറേറ്റ്സ് പാർക്ക് സു ഓപറേഷൻസ് ഡയറക്ടർ സഈദ് അൽ അമീൻ പറഞ്ഞു.
സന്ദർശകർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനും കുടുംബ സൗഹൃദ വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സൗകര്യമൊരുക്കുന്നതെന്ന് അൽ വഹ്ദ മാൾ ജനറൽ മാനേജർ മയങ്ക് എം.പാലും അറിയിച്ചു.






