റാസൽഖൈമയിൽ ഇന്ന് വ്യാഴാഴ്ച്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ കല്ല് ദേഹത്ത് പതിച്ച് ഒരു മലയാളി യുവാവ് മരണപ്പെട്ടു.
മലപ്പുറം നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാൻ – അസ്മാബി ദമ്പതികളുടെ മകനായ സൽമാൻ ഫാരിസ് (27) ആണ് മരണപ്പെട്ടത്. മഴ നനയാതിരിക്കാൻ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയപ്പോഴാണ് ഈ അപകടം നടന്നത്. റാസൽഖൈമയിൽ ഇസ്തംബൂൾ ഷവർമ കടയിലെ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു സൽമാൻ.
ബുധനാഴ്ച്ച വൈകുന്നേരത്തോടെ റാസൽഖൈമയിലെങ്ങും ചെറിയ തോതിൽ ചാറ്റൽ മഴ ലഭിച്ചിരുന്നു. ഇത് പുലർച്ചെ മൂന്ന് മണിയോടെ ശക്തമായ കാറ്റിൻറെയും ഇടിമിന്നലിൻറെയും അകമ്പടിയോടെ ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു.






