ദുബായ്: 2026 നെ വരവേൽക്കാനുള്ള ദുബായുടെ ഗതാഗത പദ്ധതിയുടെ ഭാഗമായി ദുബായ് മെട്രോ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ഡൗണ്ടൗൺ ദുബായിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡ് അടച്ചിടൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുകയും ചെയ്തതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളും ദുബായ് ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. 2025 ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണി മുതൽ 2026 ജനുവരി 1 വ്യാഴാഴ്ച രാത്രി 11.59 വരെ മെട്രോ സർവീസുകൾ ഉണ്ടാകും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 6 മണി മുതൽ ജനുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ ദുബായ് ട്രാം സർവീസുകൾ പ്രവർത്തിക്കും.
പ്രധാന ഇവന്റ് സോണുകളിലെ റോഡുകളായ അൽ അസയൽ സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ്, ലോവർ, അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡുകൾ, അൽ മുസ്തക്ബാൽ സ്ട്രീറ്റ്, അൽ സുകൂക്ക് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവ വൈകുന്നേരം 4 മണിമുതൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാത്രി 11 മണി വരെ ഘട്ടം ഘട്ടമായി അടച്ചിടും.






