യു എ ഇയിൽ വച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ തൂക്കം നോക്കി ചാർജ്ജ് ഈടാക്കുന്ന രീതി അവസാനിപ്പിച്ച് ഏകീകൃത ചാർജ്ജ് നിശ്ചയിച്ച എയർ ഇന്ത്യ തീരുമാനത്തെ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഏറെ വിവാദമായ ഈ രീതി നിർത്തലാക്കിയതിൽ നല്ല പ്രതികരണങ്ങൾ ആണ് നാനാതുറകളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ പുതുതായി നിശ്ചയിച്ച തുക അധികമാണെന്ന അഭിപ്രായം സാമൂഹിക പ്രവർത്തകർക്കിടയിൽ ഉയരുന്നു.
ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ എയർ ഇന്ത്യയുടെ രീതി പിൻവലിച്ചു എങ്കിലും പകരം 1500 ദിർഹമാണ് ഇനി മൃതദേഹം നാട്ടിൽ എത്തിക്കാൻ നൽകേണ്ട ചാർജ്ജ്. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ചാർജ്ജ് നൽകിയാൽ മതിയാവും. ഈ തുക സാധാരണ നൽകുന്നതിനേക്കാൾ അധികമാണെന്നാണ് ഉയരുന്ന അഭിപ്രായം.
“1500 ദിർഹം എന്നത് നഷ്ടം ആണ്. വലിയ തുകയാണ്. ഡൽഹിയിലേക്കും മുംബൈയിലേക്കും തൂക്കം നോക്കി ആണെങ്കിൽ നേരത്തെ 8.5 ദിർഹമാണ് ചാർജ്ജ് ചെയ്തിരുന്നത്. അതായത് 100 കിലോ ഉള്ള ആളാണെങ്കിൽ പോലും 850 ദിർഹമേ ആവൂ. അതിന്റെ ഇരട്ടിയാണിത്. 200 കിലോ തൂക്കമുള്ള ഏത് ഇന്ത്യക്കാരനാണ് ഉള്ളത്? കോഴിക്കോടേക്ക് ഷാർജയിൽ നിന്നും 7 ദിർഹമേ ഉണ്ടായിരുന്നുള്ളൂ. ഇത് കൊണ്ട് എയർ ഇന്ത്യയ്ക്ക് ലാഭവും പ്രവാസികൾക്ക് വീണ്ടും നഷ്ടവുമാണ് ഉണ്ടാവുന്നത്.” ഗൾഫിൽ മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ച പ്രശസ്തനായ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
ഒന്നുകിൽ ടിക്കറ്റിന്റെ അതേ ചാർജ്ജ് ബോഡിക്ക് വാങ്ങാൻ എയർ ഇന്ത്യ തയ്യാറാവണം എന്നും അല്ലെങ്കിൽ സൗജന്യമായി ബോഡി നാട്ടിലെത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.