അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി കുടുംബത്തിലെ 4 കുട്ടികളുടെ ഖബറടക്കം ഇന്ന് ജനുവരി 6 ന് വൈകീട്ട് ദുബായിൽ നടക്കും
മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരുടെ ഖബറടക്കം ദുബായ് സോണാപൂർ മുഹൈസിന 2ലെഅൽ ഷുഹാദ പള്ളി ഖബർസ്ഥാനിൽ നടക്കും.
അബുദാബി ലിവ ഫെസ്‌റ്റിവലിന് പോയി മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ(48)യും അപകടം നടന്ന ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് വിവരം. പരുക്കേറ്റ അബ്‌ദുൽ ലത്തീഫും റുക്സാനയും ഏക മകൾ ഇസ്സയും അബുദാബി ഷെയ്ഖ് ഷഖ്ബുത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.






