ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്‌താൻ അമേരിക്കയുടെ സഹായം തേടിയെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്ട്രേഷൻ ആക്‌ടിന് (FARA) കീഴിൽ ഫയൽ ചെയ്‌ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കളും പാകിസ്‌താൻ യുഎസിന് വാഗ്ദാനം ചെയ്തെന്നും രേഖകളിൽ പറയുന്നു.
പാക് അനുകൂല നിയമ സ്ഥാപനമായ സ്ക്വയർ പാറ്റൺ ബോഗ്‌സിന്റെ പട്ടിക പ്രകാരം പാകിസ്‌താൻ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇമെയിലുകൾ വഴിയും ഫോൺ കോളുകൾ വഴിയും അമ്പതിലധികം തവണ യുഎസ് അധികൃതരെ സമീപിച്ചുവെന്നും ഓപ്പറേഷനിടെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും യുഎസ് മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്‌ചകൾ ആവശ്യപ്പെട്ടു എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ
ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാനും യുഎസിനോട് പാകിസ്ഥാൻ അഭ്യർത്ഥിച്ചുവെന്നും യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള യുദ്ധം താൻ നിർത്തിവെച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.





