അജ്മാനിലെ ആദ്യത്തെ സംയോജിത ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു. അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. യുഎഇയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന (EV) ചാർജിങ് ശൃംഖലയായ യു.എ.ഇ.വിയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്.
വടക്കൻ എമിറേറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനവുമാണിത്. അത്യാധുനിക സാങ്കേതികവിദ്യയും ഒരേസമയം 20 വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ശേഷിയും ഈ കേന്ദ്രത്തിനുണ്ട്. 400 കിലോവാട്ട് ശേഷിയുള്ള മേഖലയിലെ ഏറ്റവും വേഗതയേറിയ അൾട്രാ-ഫാസ്റ്റ് ചാർജറും ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ചാർജിങ് സിസ്റ്റത്തിൻ്റെ കാര്യക്ഷമതയും പ്രകടനവും വർധിപ്പിക്കും.
ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനം വികസിപ്പിക്കുന്നതിനും യുഎഇയുടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ചുവടുവെപ്പാണിതെന്ന് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. സുസ്ഥിര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള എമിറേറ്റിന്റെ ശ്രമങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.





