അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ എ-യിൽനിന്ന് ഇന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം (6E 1434) അനിശ്ചിതമായി വൈകുന്നു. സാങ്കേതിക തകരാർ ആണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.20-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുതുക്കിയ സമയപ്രകാരം വൈകീട്ട് 5.10-ഓടെ പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 3 മണിക്കൂർ 50 മിനിറ്റോളം വൈകും. കണ്ണൂരിൽ രാത്രി 10.10-നാണ് എത്തുക. വിമാനം വൈകുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരറിയിപ്പും ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വെബ്സൈറ്റിലെ ഫ്ളൈറ്റ് സ്റ്റാറ്റസ് വഴിയാണ് വിവരമറിഞ്ഞത്.






