അബുദാബി മരുഭൂമിയിൽ ഏഴ് മോട്ടോർബൈക്ക് അപകടങ്ങളിൽ ഒമ്പതുപേർക്ക് പരിക്കേറ്റതായി അബുദാബി പോലീസ് അറിയിച്ചു.
അപകടത്തിൽപെട്ട പലർക്കും ഗുരുതരമായി പരിക്കേറ്റതായും അലക്ഷ്യമായ ഡ്രൈവിങ്ങും സുരക്ഷാ ഉപകരണങ്ങൾ ധരിക്കാത്തതുമാണ് അപകടങ്ങൾക്കും പരിക്കിനും കാരണമായതെന്നും പോലീസ് വ്യക്തമാക്കി. ഓഫ് റോഡ് ഡ്രൈവിങ്ങിലേർപ്പെടുന്നവർ ഹെൽമറ്റ് ധരിക്കുന്നതുപോലുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
കുട്ടികളെ മോട്ടോർസൈക്കിൾ പരിശീലനത്തിന് അയക്കുന്ന മാതാപിതാക്കൾ ഇവർക്കൊപ്പം പോവണമെന്ന് അൽഐൻ റീജ്യൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മോട്ടോർ ബൈക്കുകൾ ഓടിക്കുന്നവർ ഹെൽമറ്റും മറ്റ് സുരക്ഷാകവചങ്ങളും ധരിക്കണമെന്നും ഗതാഗത നിയമവും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസുഫ് അൽ ബ ലുഷി പറഞ്ഞു.
ബൈക്കിൻ്റെ ടയറുകൾ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. എപ്പോഴും പ്രഥമ ശുശ്രൂഷ കിറ്റ് വാഹനത്തിൽ കരുതണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.






