ഗ്ലോബൽ വില്ലേജിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ബുധനാഴ്ച രാവിലെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ടുകൾ.
ദുബായ് പോലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായ്, ഷാർജ എന്നിവിടങ്ങളിലെക്കുള്ള യാത്രക്കാർക്ക് റോഡിൽ കാര്യമായ കാലതാമസം ഉണ്ടായതായും പോലീസ് മുന്നറിയിപ്പ് നൽകി. ഗ്ലോബൽ വില്ലേജിന് എതിർവശത്തുള്ള ഷെയ്ഖ് സായിദ് റോഡിൽ, ജബൽ അലി ദിശയിലേക്ക് പോയ ഒന്നിലധികം വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ”കാലതാമസം പ്രതീക്ഷിക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക,” ദുബായ് പോലീസ് എക്സിൽ അറിയിച്ചു.
വാഹനമോടിക്കുന്നവർ ബദൽ വഴികൾ തേടുകയോ അധിക യാത്രാ സമയം അനുവദിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം വ്യാപിച്ചതായും സാധാരണയായി 15-20 മിനിറ്റ് എടുക്കുന്ന റൂട്ടുകളിൽ 30-45 മിനിറ്റ് വരെ വൈകിയതായും ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തു.




