ദുബായ്: മലയാള സംഗീതലോകത്തിന് അനശ്വര സംഭാവനകൾ നൽകിയ മഹാനായ സംഗീതജ്ഞൻ എം. എസ്. ബാബുരാജ് അനുസ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ ) യുടെ ആഭിമുഖ്യത്തിൽ നാളെ (ഞായറാഴ്ച്ച) വൈകിട്ട് 7 മണിക്ക് ദുബായ് ഫോൾക് ലോർ തീയറ്റർ സയാസി അക്കാദമിയിൽ “ഇന്നലെ മയങ്ങുമ്പോൾ” സംഗീതസന്ധ്യ നടക്കും.
ഹൃദയസ്പർശിയായ ഈണങ്ങളിലൂടെ കവിതയ്ക്ക് സംഗീതാത്മാവേകിയ യശ ശരീരനായ എം.എസ്. ബാബുരാജ് തലമുറകളെ ആഴത്തിൽ സ്പർശിച്ച കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെ ആ സംഗീതപൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനൊപ്പം, അദ്ദേഹത്തിൻറെ ജീവ ചരിത്രത്തിലൂടെ സംഗീതപ്രേമികൾ ഒരുമിച്ച് ആദരവും നന്ദിയും അർപ്പിക്കുന്ന സ്മരണീയമായ ഒരു പരിപാടിയാവും ഇത്.
ബാബുരാജ് സ്മരണാർത്ഥം ദുബായിൽ ഇതിനു മുമ്പ് നടന്നിരുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമായാണ് യാസിർ ഹമീദിന്റെ സംവിധാനത്തിൽ ടീ൦ ഈവൻടൈഡ്സ് “ഇന്നലെ മയങ്ങുമ്പോൾ” എന്ന പേരിൽ പരിപാടി അവതരിപ്പിക്കുന്നത്.
പ്രശസ്ത ഗായകരായ നിഷാദ് , സോണിയ, മുസ്തഫ മാത്തോട്ടം, അബി തുടങ്ങിയവർ ബാബുരാജ് സംഗീതം നൽകി അനശ്വരമാക്കിയ ഗാനങ്ങൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
തീർത്തും ഗൃഹാതുരത്വം നൽകുന്ന അതി മനോഹരഗാനങ്ങൾ ശ്രവിക്കാനും, ദൃശ്യശ്രവ്യാവിഷ്കാരങ്ങൾ ആസ്വദിക്കാനും കലാസ്വാദകരായ എല്ലാവരെയും ക്ഷണിക്കുന്നതായി രക്ഷാധികാരികളായ ജമീൽ ലത്തീഫ്, മോഹൻ വെങ്കിട്ട് ,മലബാർ പ്രവാസി പ്രസിഡണ്ട് അഡ്വ.അസീസ് തോലേരി, സിക്രട്ടറി ശങ്കർ നാരായൺ, ട്രഷറർ ചന്ദ്രൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മൊയ്‌ദു കുട്ട്യാടി , കൺവീനർ നാസർ ബി എ , ജോ;കൺവീനർ ജലീൽ മഷ്ഹൂർ , പ്രോഗ്രാം ഡയറക്ടർ യാസിർ ഹമീദ് എന്നിവർ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : 056 2922562





