ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ദുബായ് ഹെൽത്ത് അതോറിറ്റിയും ചേർന്ന് ശാന്തിഗിരി കൾച്ചറൽ ആൻഡ് സോഷ്യൽ സെൻറർ സഹകരണത്തോടെ ദുബായ് ഹെൽത്ത് അതോറിറ്റി ആസ്ഥാനത്ത് വെച്ച് ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാനവിക മൂല്യങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് സമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത് 300 ലധികം രക്തദാനികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകുകയുണ്ടായി.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ കൗൺസിൽ ദുബായ് കൗൺസിലർ (പാസ്പോർട്ട്) ശ്രീ സുനിൽകുമാർ നിർവഹിച്ചു സാമൂഹ്യ പ്രതിബദ്ധതയും സഹകരണവും ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റി പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് വേദിയിൽ സംസാരിക്കുകയുണ്ടായി.
രക്തദാന പരിപാടിയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം ആദരണീയ ബ്രഹ്മചാരി സദ്പ്രിയനേ ശാന്തിഗിരി കൾച്ചറൽ സോഷ്യൽ സെൻറർ ദുബായ് ആതുര സേവനരംഗത്ത് നൽകിയ സംഭാവനകളുടെ ആദരസൂചകമായി ഉപഹാരം നൽകി ആദരിക്കുകയും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ശാന്തിഗിരി കൾച്ചറൽ ആൻഡ് സോഷ്യൽ സെൻറർ പ്രവർത്തകരെ അഭിനന്ദിക്കുകയുണ്ടായി.
സംഘാടക സമിതി അംഗങ്ങളായ ശ്രീ. ശ്യാം, മുരളി എകരൂൽ, സനൂപ്, ശ്രീജ സുനിൽ, ശൈലേഷ് കുമാർ, അഭിലാഷ്, സ്മിഷ മുരളി, സജീവ് സരോജിനി എന്നിവർ പരിപാടിയുടെ ഏകോപനവും ക്രമീകരണങ്ങളും കാര്യക്ഷമമായി നിർവഹിച്ചു.
ശാന്തിഗിരി കൾച്ചറൽ ആൻഡ് സോഷ്യൽ സെൻറർ യുഎഇ സജീവമായ പങ്കാളിത്തത്തിലൂടെ മികച്ച സംഘടന പിന്തുണയിലൂടെ രക്തദാന ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. പരിപാടി സാമൂഹ്യ ഐക്യത്തിന്റെയും മാനവിക സേവനത്തിന്റെയും ശക്തമായ സന്ദേശമായി മാറി.
രക്തദാന ക്യാമ്പിന് ശേഷം ശാന്തിഗിരി കൂട്ടായ്മ ദുബായ് ക്രീക്ക് പാർക്കിൽ തുറന്ന അന്തരീക്ഷത്തിൽ സംഘടിപ്പിച്ച കായിക വിനോദ സാംസ്കാരിക പരിപാടി വിശ്വാസികൾക്കും അഭ്യുദയകാംക്ഷികൾക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. തുടർന്ന് നടത്തിയ അന്നദാനത്തോടുകൂടി ദിന പരിപാടികൾക്ക് തിരശ്ശീല വീണു. ഈ മഹത്തായ സംരംഭം വിജയകരമാക്കാൻ സഹായിച്ച എല്ലാ രക്തധാനികൾക്കും സന്നദ്ധ പ്രവർത്തകർക്കും മെഡിക്കൽ സംഘത്തിനും സഹകരിച്ച സ്ഥാപനങ്ങൾക്കും സംഘാടകർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.






