രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട സ്വകാര്യ ആശുപത്രികളിലുമായിരിക്കും ഈ സൗകര്യം ഉണ്ടാകുക.
“ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ,. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കി. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളം. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.” പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും ബാലഗോപാൽ പ്രസംഗം ആരംഭിച്ചുകൊണ്ട് പറഞ്ഞു.
കേന്ദ്രത്തിൻ്റെ അവഗണനയ്ക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായും ധനമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാൻ അനീതിയാണ് നടക്കുന്നതെന്ന് എല്ലാവരും ഒന്നിച്ച് വിളിച്ചു പറയണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും. വി.എസ് സെൻ്റർ തിരുവനന്തപുരത്ത് സ്ഥാപിക്കാനായി 20 കോടി വകയിരുത്തി. വയനാട്ടിലെ ദുരിതബാധിതർക്കായുള്ള ആദ്യബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം സമർപ്പിക്കും. ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപകൂടി വർദ്ധിപ്പിച്ചിട്ടുണ്ട്.





