കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ അബുദാബി ബിഗ് ടിക്കറ്റിൽ 20 മില്യൺ ദിർഹം സ്വന്തമാക്കിയിരിക്കുകയാണ് ഒമാനിൽ ജോലിചെയ്യുന്ന കർണാടക സ്വദേശി 34 കാരനായ ശാന്തനു ഷെട്ടിഗാർ
ഡിസംബർ 27 നാണ് ശാന്തനു ഒരു പെൺകുഞ്ഞിന്റെ അച്ഛനായത്. ഒരു സാധാരണ പ്രവൃത്തി ദിവസത്തിലാണ് ജീവിതം മാറ്റിമറിച്ച വാർത്ത വന്നത്. ശാന്തനു, കഴിഞ്ഞ എട്ട് വർഷമായി മസ്കറ്റിൽ ഒരു ഷോപ്പ് ഇൻ-ചാർജായി ജോലി ചെയ്യുകയാണ്. ജോലിയിൽ തിരക്കിലായിരുന്നതിനാൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കണ്ടില്ലെന്നും ശാന്തനു പറയുന്നു. ഷോയുടെ അവതാരകർ മൂന്നാം തവണ വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. ഫോൺ എടുത്തപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നും ശാന്തനു പറയുന്നു.
സ്ഥിരമായി ടിക്കറ്റ് എടുക്കാറില്ലെങ്കിലും ശാന്തനു ബിഗ് ടിക്കറ്റിൽ അഞ്ച് വർഷത്തോളമായി പങ്കെടുക്കുന്നുണ്ട്, എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി, ഒരു നറുക്കെടുപ്പ് പോലും ശാന്തനു നഷ്ടപ്പെടുത്തിയിട്ടില്ല. മസ്കറ്റിൽ ജോലി ചെയ്യുന്ന, ശാന്തനുവിന്റെ അതേ സ്ഥലത്ത് നിന്നുള്ള സുഹൃത്ത് സുനിലിന്റെ കൂടെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്നും ശാന്തനു പറഞ്ഞു
വളരെക്കാലമായി ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്ന പലരെയും ശാന്തനുവിന് അറിയാം. “പലരും 10 അല്ലെങ്കിൽ 15 വർഷമായി ശ്രമിക്കുന്നു, പക്ഷേ അവർ ഇതുവരെ വിജയിച്ചിട്ടില്ല. ഞാൻ വളരെ ഭാഗ്യവാനാണെന്ന് കരുതുന്നുവെന്ന് ശാന്തനു പറഞ്ഞു






