“ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മാർക്കറ്റിംഗ്‌ പ്രൊഫഷണൽ ഞാനാണ്; കാരണം എനിക്ക് ബ്രാൻഡ് അംബാസഡറായി യൂസഫലി ഉണ്ട്”: വി. നന്ദകുമാർ

"I am the luckiest marketing professional in the world; because I have Yusuf Ali as my brand ambassador": V. Nandakumar

ദുബായ്: ആഗോള റീട്ടെയിൽ ഭൂപടത്തിൽ ലുലു ഗ്രൂപ്പ് കുറിച്ച വിജയഗാഥകൾക്ക് പിന്നിൽ ചെയർമാൻ എം.എ. യൂസഫലി എന്ന വ്യക്തിത്വത്തിൽ ലോകം അർപ്പിച്ചിട്ടുള്ള അചഞ്ചലമായ വിശ്വാസമാണെന്നും, ആ വിശ്വാസ്യതയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ കരുത്തെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ. തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ (MBIFL 2026) ‘ഗ്ലോബൽ ബ്രാൻഡുകളുടെ വിജയരഹസ്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025-ലെ റീട്ടെയിൽ കോൺഗ്രസ് മെന (MENA) ‘റീട്ടെയിൽ പ്രൊഫഷണൽ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവ് കൂടിയായ നന്ദകുമാർ, മൂന്ന് പതിറ്റാണ്ടുകളായി ലുലു ഗ്രൂപ്പിലെ ആഗോള വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വ്യക്തിയാണ്.

“ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകൾ കോടികൾ മുടക്കി സെലിബ്രിറ്റികളെ അംബാസഡർമാരായി തേടുമ്പോൾ, എനിക്ക് അക്കാര്യത്തിൽ ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. ഞങ്ങൾക്ക് ഇൻ-ഹൗസ് ആയി തന്നെ അതിശക്തനായ ഒരു ബ്രാൻഡ് അംബാസഡർ ഉണ്ട് – അത് എം.എ. യൂസഫലിയാണ്. ലുലു എന്ന പേര് കേൾക്കുമ്പോൾ ജനമനസ്സുകളിൽ ആദ്യം തെളിയുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. ആ മുഖം നൽകുന്ന ഉറപ്പും വിശ്വാസവുമാണ് ലുലുവിന്റെ ഏറ്റവും വലിയ മാർക്കറ്റിംഗ് സ്ട്രാറ്റജി,” നന്ദകുമാർ പറഞ്ഞു.

ഗൾഫ് നാടുകളിൽ ലുലു ഒരു സാമ്രാജ്യം കെട്ടിപ്പടുത്തതും പിന്നീട് കേരളത്തിലേക്ക് കടന്നുവന്നതും അദ്ദേഹം ഹൃദ്യമായി അനുസ്മരിച്ചു. “ഗൾഫിൽ ഞങ്ങൾ പൂജ്യത്തിൽ നിന്ന് തുടങ്ങുകയായിരുന്നു. എന്നാൽ 2013-ൽ കൊച്ചിയിൽ ലുലു എത്തുമ്പോൾ സാഹചര്യം വ്യത്യസ്തമായിരുന്നു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്നവർ പ്രിയപ്പെട്ടവർക്കായി കരുതിയിരുന്ന കാമേ സോപ്പും ടോബ്ലെറോൺ ചോക്ലേറ്റും അടങ്ങിയ ആ ലുലു ബാഗുകൾ ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തിന്റെ അടയാളമായി മാറിയിരുന്നു. വിദേശത്ത് അനുഭവിച്ച അതേ ആഗോള നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സ്വന്തം നാട്ടിലും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകളുടെ ഭാരം ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തമായിരുന്നു നൽകിയത്.”

ബിസിനസ്സിന്റെ യഥാർത്ഥ വിജയരഹസ്യം പണമോ സാങ്കേതിക വിദ്യയോ അല്ല, മറിച്ച് ‘ജനങ്ങൾ’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാർ, ഉപഭോക്താക്കൾ, വിതരണക്കാർ എന്നീ മൂന്ന് വിഭാഗങ്ങളെ ബിസിനസ്സിന്റെ ഹൃദയമിടിപ്പായി അദ്ദേഹം വിശേഷിപ്പിച്ചു. ലുലു ഗ്രൂപ്പിൽ ജീവനക്കാർക്കിടയിലുള്ള അസാധാരണമായ സ്ഥിരതയും കുറഞ്ഞ കൊഴിഞ്ഞുപോക്കും (Staff Turnover) സ്ഥാപനത്തിന്റെ സുതാര്യമായ തൊഴിൽ സംസ്കാരത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ ജോലിയിൽ പ്രവേശിച്ച് സ്വന്തം കഴിവിനാൽ നേതൃനിരയിലേക്ക് ഉയർന്നവരാണ് ഗ്രൂപ്പിന്റെ യഥാർത്ഥ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്വിക്ക് കൊമേഴ്‌സ് ആപ്പുകളുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചു. “സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇന്ന് പല മാർഗങ്ങളുണ്ടാകാം. എന്നാൽ ഉപഭോക്താവിനെ 20 മിനിറ്റ് ഡ്രൈവ് ചെയ്ത് സ്റ്റോറുകളിലേക്ക് എത്തിക്കുന്നത് അവിടെ ലഭിക്കുന്ന സവിശേഷമായ ഷോപ്പിംഗ് അനുഭവമാണ്. ആധുനിക വിപണിയിൽ പ്രസക്തി നിലനിർത്താൻ ബിസിനസ്സുകൾ അനുഭവവേദ്യമായ വിപണന രീതികളിലേക്ക് (Experiential Marketing) മാറേണ്ടത് അനിവാര്യമാണ്,” അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!