തിരുവനന്തപുരം: കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന്റെ സംസ്കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്കാരം നടത്തും. മസ്തിഷ്ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന് ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന് മിഷന് ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.
ആലിന് ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.






