റമദാനിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ബോധവൽക്കരണ ക്യാംപെയിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA). ടാക്സി ഡ്രൈവർമാർ, ഡെലിവറി ബൈക്ക് റൈഡർമാർ, നിർമാണ തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ട് 40,000 ബോധവൽക്കരണ ലഘുലേഖകളും ഇഫ്താർ കിറ്റുകളും വിതരണം ചെയ്യും. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നോമ്പുകാലത്ത് ഡ്രൈവർമാരിലുണ്ടാകുന്ന ശാരീരിക തളർച്ചയും ഏകാഗ്രതക്കുറവും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു.
നൂൺ സോൺ ഡെലിവറി എന്നിവയുമായി സഹകരിച്ച് ഡെലിവറി റൈഡർമാർക്കും, ശോഭ, ഡാമക് ഗ്രൂപ്പുകളുമായി ചേർന്ന് നിർമാണ തൊഴിലാളികൾക്കും കിറ്റുകൾ നൽകും. കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






