എയർലൈനിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകളിൽ, പേരിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഇനി അധിക ചിലവില്ലാതെ തന്നെ തിരുത്താനും സാധിക്കും. വിമാന ടിക്കറ്റുകൾ റദ്ദാക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും റീഫണ്ട് നൽകുന്നതുമായ നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിനായി യാത്രക്കാർക്ക് അനുകൂലമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇന്ന് വ്യാഴാഴ്ച പുറത്തിറക്കി.
പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ചില നിബന്ധനകൾക്ക് വിധേയമായി അധിക ചാർജ് നൽകാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാം. ഇതിനുപുറമെ, ടിക്കറ്റിലെ പേര് തിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഡിജിസിഎ വ്യക്തത വരുത്തിയിട്ടുണ്ട്. എയർലൈനിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകളിൽ, പേരിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അധിക ചിലവില്ലാതെ തന്നെ തിരുത്താൻ സാധിക്കും.
ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് പോർട്ടലുകൾ വഴിയോ എടുത്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകേണ്ട ഉത്തരവാദിത്തം എയർലൈൻ കമ്പനികൾക്കായിരിക്കുമെന്നും ഏജന്റുമാർ അവരുടെ പ്രതിനിധികൾ മാത്രമാണെന്നും ഡിജിസിഎ വ്യക്തമാക്കി. റീഫണ്ട് നടപടികൾ 14 പ്രവൃത്തിദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്നുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം. ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾ (Medical Emergencies) മൂലം ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിലും സുതാര്യമായും വേഗത്തിലും നടപടികൾ സ്വീകരിക്കണമെന്ന് പുതിയ നിർദ്ദേശത്തിലുണ്ട്.






