അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് വലിയ എണ്ണശുദ്ധീകരണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ തീപിടിത്തവും കനത്ത പുകയും ഉയർന്നു. വാലെറോ എനർജിയുടെ പോർട്ട് ആർതർ റിഫൈനറിയിലാണ് സംഭവം.
ഇന്നലെ തിങ്കളാഴ്ച വൈകിട്ട് ഏകദേശം 7.22ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശക്തമായ സ്ഫോടനശബ്ദം കേട്ടതോടെ സമീപവാസികൾ ഭീതിയിലായി. പിന്നാലെ ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയരുന്നതും തീ പടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവത്തെത്തുടർന്ന് അഗ്നിശമനസേനയും ഹാസ്മാറ്റ് ടീമുകളും സ്ഥലത്തെത്തി നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ സംഭവത്തിന്റെ സ്വഭാവം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനകം ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണ്.
റിഫൈനറിയുടെ ചുറ്റുപാടുകളിലുള്ളവരോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകി. വായുവിന്റെ ഗുണനിലവാരം പരിശോധിച്ച് വിഷവാതകങ്ങൾ പുറത്തുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.സംഭവസ്ഥലത്തിന് സമീപമുള്ള പ്രധാന റോഡുകൾ ഒഴിവാക്കാൻ ടെക്സസ് ഗതാഗത വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പോർട്ട് ആർതർ റിഫൈനറി അമേരിക്കയിലെ പ്രധാന എണ്ണശുദ്ധീകരണശാലകളിലൊന്നാണ്. ദിവസേന ഏകദേശം 4.35 ലക്ഷം ബാരൽ ഇന്ധനം (പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യൂവൽ) ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇത്. ദീർഘകാലം പ്രവർത്തനം നിർത്തിയാൽ ഇന്ധന വിതരണത്തെ ബാധിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഹീറ്റിംഗ് യൂണിറ്റിലെ തകരാറാകാമെന്ന് സംശയിച്ചെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ജെഫേഴ്സൺ കൗണ്ടി ഷെരിഫ് സീന സ്റ്റീഫൻസ് പറഞ്ഞു. സംഭവകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.






