പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിനിടയിൽ, ലോകം ഉറ്റുനോക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് നാളെ ഇസ്ലാമാബാദിൽ തുടക്കമാകും. ഏപ്രിൽ 11-ന് ആരംഭിക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി പാകിസ്ഥാൻ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിക്കഴിഞ്ഞു. സുരക്ഷാ സേനകൾ നഗരത്തിലെ പ്രധാന റോഡുകളിലും സർക്കാർ സ്ഥാപനങ്ങളിലും പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.
നഗരത്തിലെ അതീവ സുരക്ഷാ മേഖലയായ ‘റെഡ് സോൺ’ പൂർണ്ണമായും പോലീസിൻ്റെയും സൈന്യത്തിൻ്റെയും നിയന്ത്രണത്തിലാണ്. ഇവിടേക്ക് സാധാരണക്കാരുടെ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർലമെന്റ്, സുപ്രധാന സർക്കാർ ഓഫീസുകൾ, വിദേശ എംബസികൾ, ലക്ഷ്വറി ഹോട്ടലുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ മേഖലയിലൂടെയുള്ള സിവിൽ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.






