സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്ന കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് സഫ് വാൻ ഷാനു(38)വാണ് മരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു. പ്രിയപുത്രന്റെ അവസാനമായി കാണാൻ മാതാപിതാക്കൾ ദുബായിൽ എത്തിയിരുന്നു.
മുഹമ്മദ് സഫ് വാൻ വർഷങ്ങളായി സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചിൽ കുഴഞ്ഞുവീഴുകയായിരുന്നു.കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാൻ എട്ടുവർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്.






