യു.എ.ഇ കാത്തിരുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ ആദ്യ യാത്രാ സർവീസ് അടുത്ത ചൊവ്വാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് പുറപ്പെടുമെന്ന് എത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഈ പ്രഥമ സർവീസ് ഫുജൈറയിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക.
എത്തിഹാദ് റെയിൽ ശൃംഖല പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ ഓരോ ട്രെയിനിലും ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകും. ഘട്ടങ്ങളായാണ് യാത്രാ സർവീസുകൾ വിപുലീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ ദുബായ്, അൽ ദൈദ് (സെപ്റ്റംബർ 30), അൽ ദഫ്ര (ഡിസംബർ 30) എന്നീ സ്റ്റേഷനുകളും, തുടർന്ന് 2027 മാർച്ച് 30-ഓടെ ഷാർജയും ഈ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് എമിറാത് അൽ യൗം റിപ്പോർട്ട് ചെയ്തു.
എത്തിഹാദ് റെയിലിന്റെ എല്ലാ സ്റ്റേഷനുകളും അത്യാധുനിക രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ വഴി മനസ്സിലാക്കാനുള്ള സൈൻ ബോർഡുകൾ, ഹെൽപ്പ് ഡെസ്ക് ടീമുകൾ, ഭിന്നശേഷിക്കാർക്കുള്ള (People of determination) പ്രത്യേക സൗകര്യങ്ങൾ, പാർക്കിംഗ് ഏരിയകൾ എന്നിവയെല്ലാം സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.






