ഷാർജയിലെ ബിസിനസ്സ് സംരംഭങ്ങൾക്ക് കൈത്താങ്ങാവാനും സാമ്പത്തിക അന്തരീക്ഷം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ട് വൻ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ പോലീസ്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ (Sharjah Executive Council) നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
ഈ പുതിയ ആനുകൂല്യ പാക്കേജ് പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റ് പുതുക്കൽ ഫീസിൽ (Security permit renewal fees) 50 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.നിയമലംഘനങ്ങൾക്കുള്ള പിഴ തുകയിലും (Violations and fines) സുരക്ഷാ സംവിധാനങ്ങളുടെ വരിസംഖ്യയിലും (Security system subscription fees) 50 ശതമാനത്തിന്റെ പകുതി ഇളവ് ബിസിനസുകൾക്ക് ലഭിക്കും.ഇതുകൂടാതെ കമ്പനികൾക്കായുള്ള നിർബന്ധിത പരിശീലന പരിപാടികളുടെ ഫീസിൽ (Mandatory training programme fees) 20 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
എമിറേറ്റിൽ ബിസിനസ്സ് നടപടികൾ കൂടുതൽ എളുപ്പമാക്കാനും സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ ഇളവുകൾ, ഉത്തരവ് നിലവിൽ വന്ന തീയതി മുതൽ മൂന്ന് മാസക്കാലത്തേക്ക് ലഭ്യമായിരിക്കും. ഈ ആനുകൂല്യങ്ങളെയും ഇളവുകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ള ബിസിനസ്സ് ഉടമകൾക്ക് ഷാർജ പോലീസിന്റെ കോൾ സെന്റർ നമ്പറായ 901-ൽ ബന്ധപ്പെടാവുന്നതാണ്.






