യു.എ.ഇയുടെ പ്രഥമ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിലിന്റെ ഏറ്റവും ആദ്യത്തെ യാത്രക്കാരനായി (Passenger One) ഭിന്നശേഷിക്കാരനായ (Person of determination) യു.എ.ഇ സ്വദേശി ഹമദ് മൻസൂർ അൽ ബലൂഷിയെ തിരഞ്ഞെടുപ്പിച്ചു.
ഒരു യുവ സംരംഭകൻ കൂടിയായ ഹമദിനെ, അദ്ദേഹം സമൂഹത്തിന് നൽകിയ ആത്മാർത്ഥമായ സേവനങ്ങളെ മുൻനിർത്തി സ്വന്തം സഹോദരിയാണ് ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
‘നമ്മെയെല്ലാം പ്രതിനിധീകരിക്കുന്ന യാത്രക്കാരൻ’ (The Passenger Who Represents Us All) എന്ന പേരിൽ എത്തിഹാദ് റെയിൽ രാജ്യവ്യാപകമായി നടത്തിയ ഒരു കാമ്പെയ്നിലൂടെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
അർപ്പണബോധം, ദയ, സ്വാർത്ഥരഹിതമായ സേവനം എന്നിവയിലൂടെ തങ്ങളുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തികളെ നാമനിർദ്ദേശം ചെയ്യാൻ എത്തിഹാദ് റെയിൽ യു.എ.ഇ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കഠിനാധ്വാനത്തിലൂടെയും സാമൂഹിക സേവനത്തിലൂടെയും മാതൃകയായ ഹമദ് മൻസൂർ അൽ ബലൂഷിയെ ഈ ചരിത്രയാത്രയുടെ ആദ്യ യാത്രക്കാരനാക്കിയതിലൂടെ വലിയൊരു ആദരവാണ് അധികൃതർ നൽകിയിരിക്കുന്നത്.






