യു.എ.ഇയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് എത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് ഇന്ന് ജൂൺ 30 ചൊവ്വാഴ്ച പുലർച്ചെ മുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പതിനായിരത്തിലധികം (10,000+) ടിക്കറ്റുകളാണ് വിറ്റുപോയത്.
പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട പ്രഥമ ട്രെയിൻ സർവീസ് നിശ്ചയിച്ച സമയത്തിലും മുൻപേ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ വിജയകരമായി എത്തിച്ചേർന്നു.
ദേശീയ പാസഞ്ചർ ശൃംഖലയുടെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായി ആദ്യ ദിനമായ ഇന്ന് ആകെ 6 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലെ ഭൂരിഭാഗം ട്രെയിനുകളിലെയും സീറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായി വിറ്റുതീർന്നിട്ടുണ്ട്.
യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ എത്തിഹാദ് റെയിൽവേ അബുദാബി മൊബിലിറ്റിയുമായി (ITC) കൈകോർത്തിട്ടുണ്ട്. ട്രെയിൻ ഇറങ്ങുന്നവർക്ക് സ്റ്റേഷനിൽ നിന്ന് തന്നെ മറ്റ് നഗരങ്ങളിലേക്ക് പോകാൻ ബസുകൾ, ടാക്സികൾ, മറ്റ് പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാനുള്ള വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഈ ചരിത്ര നിമിഷം രാജ്യത്തിന്റെ വികസന കാഴ്ചപ്പാട് ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന നിമിഷമാണെന്നും, വരും വർഷങ്ങളിൽ ജനങ്ങളുടെ താമസ-ജോലി ശൈലികളെ മാറ്റിമറിക്കാൻ ഈ റെയിൽവേ ശൃംഖലയ്ക്ക് സാധിക്കുമെന്നും എത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അസ്സ അൽസുവൈദി വ്യക്തമാക്കി.






