യുഎഇയിലെ ഇന്ത്യൻ എംബസിയും (അബുദാബി) ഇന്ത്യൻ കോൺസുലേറ്റും (ദുബായ്) പാസ്പോർട്ട്, അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ നാളെ 2026 ജൂലൈ 1 ബുധനാഴ്ച മുതൽ നിലവിൽ വരും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരമാണ് ആഗോളതലത്തിൽ പാസ്പോർട്ട് ഫീസിൽ 75 ശതമാനം വരെ വർദ്ധനവ് വരുത്തിയത്. യു.എ.ഇയിലുള്ള ഏകദേശം 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ ഈ തീരുമാനം ബാധിക്കും.
ഇതിനുമുമ്പ് 2012-ലാണ് പാസ്പോർട്ട് നിരക്കുകൾ അവസാനമായി പരിഷ്കരിച്ചിരുന്നത്. യു.എ.ഇയിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾക്കും (ICAC) ഈ പുതിയ നിരക്കുകൾ ബാധകമായിരിക്കും.
പുതുക്കിയ പ്രധാന നിരക്കുകൾ താഴെ നൽകുന്നു.
സാധാരണ പാസ്പോർട്ട് (36 പേജ് – മുതിർന്നവർക്ക്): പുതിയ ഫീസ് Dh 450 (പഴയ ഫീസ് Dh 285 ആയിരുന്നു).
ജംബോ പാസ്പോർട്ട് (60 പേജ്): പുതിയ ഫീസ് Dh 630 (പഴയ ഫീസ് Dh 380 ആയിരുന്നു).
തത്കാൽ (Tatkal – അടിയന്തിര വിഭാഗം): 36 പേജ് പാസ്പോർട്ടിന് Dh 900-ഉം, 60 പേജ് പാസ്പോർട്ടിന് Dh 1,080-ഉം ആയി ഫീസ് ഉയർത്തി.
പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ (Replacement): ഈ വിഭാഗത്തിലാണ് ഏറ്റവും വലിയ വർദ്ധനവ് ഉള്ളത്. സാധാരണ രീതിയിൽ 36 പേജ് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് Dh 900-ഉം (തത്കാലിൽ Dh 1,350), 60 പേജ് പാസ്പോർട്ടിന് Dh 1,080-ഉം (തത്കാലിൽ Dh 1,530) നൽകേണ്ടി വരും.






